തലൈവർ ചിത്രം 'ജയിലർ 2'വിലെ 'അലാ ബോലെലോ' ഗാനരംഗത്തിൽ ചുവടുവച്ചതിന്റെ ആവേശത്തിലാണ് നടി ഷംന കാസിം. മഹേഷ് ബാബു ചിത്രം 'ഗുണ്ടൂർ കാരമി'ലെ ഹിറ്റ് ഗാനമായ 'കുർച്ചി മടത്തപെട്ടി'യിലെ നൃത്തമാണ് തനിക്ക് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രത്തിലേക്കുള്ള വഴിതുറന്നതെന്ന് ഷംന പറഞ്ഞു.
ജയിലർ 2-വിലേക്ക് ക്ഷണം വന്നപ്പോൾ ആരോ പറ്റിക്കാൻ വിളിച്ചതാണെന്ന് കരുതി താൻ ആദ്യം വിശ്വസിച്ചില്ലെന്ന് ഷംന പറഞ്ഞു. എന്നാൽ നെൽസൺ ദിലീപ്കുമാറിന്റെ ഫോൺ കോൾ സ്ഥിരീകരിച്ചതോടെ അത്ഭുതപ്പെട്ടുപോയി. കുർച്ചി മടത്തപെട്ടി എന്ന ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് തടിയുണ്ടായിരുന്നുവെന്നും വലിയ വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും കരുതിയിരുന്നതായി ഷംന വെളിപ്പെടുത്തി. എന്നാൽ പ്രതീക്ഷിച്ചതിനു വിപരീതമായി പാട്ട് വലിയ ഹിറ്റാവുകയും ഒടുവിൽ രജനികാന്ത് ചിത്രത്തിൽ അവസരം ലഭിക്കുന്നതിലേക്കുവരെ എത്തുകയും ചെയ്തു.
സംവിധായകൻ നെൽസനെക്കുറിച്ചും രജനികാന്തിനൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങളെക്കുറിച്ചും ഷംന സംസാരിച്ചു. നൃത്തരംഗങ്ങളിൽ ഓരോ ഭാവങ്ങളും കൃത്യമായിരിക്കണമെന്നതിൽ നെൽസൺ അതീവ ശ്രദ്ധാലുവാണ്. വലിയൊരു താരത്തിനൊപ്പം അഭിനയിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നെങ്കിലും, ഇടവേളയിൽ അടുത്തുവന്ന് തന്റെ കണ്ണുകൾ വളരെ ആകർഷകമാണെന്ന് രജനികാന്ത് അഭിനന്ദിച്ചത് വലിയ സന്തോഷം നൽകിയെന്നും ഷംന പറഞ്ഞു.
പാട്ടുകളിൽ ചുവടുവയ്ക്കുന്നത് പണ്ടു മോശമായി കണ്ടിരുന്ന അവസ്ഥ മാറി. ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു. പുതിയ തലമുറയിലെ നടിമാരായ ശ്രീലീല, മമിത ബൈജു എന്നിവരുടെ നൃത്തത്തെയും ഷംന വാനോളം പുകഴ്ത്തി. വിവിധ ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരു നർത്തകി എന്ന നിലയിലുള്ള തന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് മലയാള സിനിമയാണെന്നും ഷംന പറഞ്ഞു.